മലയാള സിനിമയിൽ മോഹൻലാലിനൊപ്പം എന്നും തിളങ്ങിയ കൂട്ടുകെട്ട് ആണ് ജഗതി ശ്രീകുമാർ , ശ്രീനിവാസൻ , ജഗദീഷ് , മുകേഷ് എന്നിവർ. ഇവരോടൊപ്പം ഉള്ള കെമിസ്ട്രി എന്നും വർക്ക് ഔട്ട് ആകാറുണ്ട്. മോഹൻലാലിന്റെ മിക്ക ക്ലാസിക് ചിത്രങ്ങളിലും ഈ താരങ്ങൾ ഭാഗമായിട്ടുണ്ട്. തമ്പികണ്ണന്താനം ഒരുക്കിയ മാന്ത്രികം രാജീവ് അഞ്ചലിന്റെ ബട്ടർ ഫ്ളൈസ് തുടങ്ങിയ സിനിമകളൊക്കെ മോഹൻലാൽ ജഗദീഷ് കോമ്പിനേഷനിൽ പ്രേക്ഷകരെ രസിപ്പിച്ച സുപ്പർ ഹിറ്റ് സിനിമയായിരുന്നു.
അതേ പോലെ മോഹൻലാലിനൊപ്പം ജഗദീഷ് ഏറെ വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്ത സിനിമയായിരുന്നു ചിത്രകാരൻ കൂടിയായ ആർ സുകുമാരൻ സംവിധാനം ചെയ്ത ‘പാദമുദ്ര’. ഡബിൾ റോളിലായിരുന്നു ചിത്രത്തിൽ മോഹൻലാലെത്തിയത്. മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു പാദമുദ്രയിലെ 2 വ്യത്യസ്ത കഥാപാത്രങ്ങൾ.
എന്നാൽ അന്ന് സാമ്പത്തികമായി പരാജയപ്പെട്ട ഈ ചിത്രം കാലം തെറ്റി പിറന്ന സിനിമയാണെന്നും ഇന്നായിരുന്നുവെങ്കിൽ സൂപ്പർ ഹിറ്റാകേണ്ട സിനിമയായിരുന്നുവെന്നും ചിത്രത്തെ അനുസ്മരിച്ചു കൊണ്ട് ജഗദീഷ് പറയുന്നു. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ:
പാദമുദ്ര അന്ന് കാലാപരമായി വലിയ വിജയമായിരുന്നു പക്ഷെ ഇന്ന് ഇറങ്ങിയിരിന്നതെങ്കിൽ സാമ്പത്തികമായും സിനിമ വിജയിച്ചേനെ എന്നാണ് എന്റെ അഭിപ്രായം. അതൊരു ലോക ക്ലാസിക് സിനിമയിൽപ്പെടുത്താവുന്ന ചിത്രമാണ്. ആ സിനിമയിലെ മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. രണ്ടു തലത്തിൽ നിൽക്കുന്ന കഥാപാത്രങ്ങളെയാണ് മോഹൻലാൽ ആ സിനിമയിലൂടെ അവിസ്മരണീയമാക്കിയത്. സിനിമയുടെ നല്ല നിമിഷങ്ങൾ ഓർത്തുകൊണ്ട് ജഗദീഷ് പറയുന്നു.
1988 ൽ ഇറങ്ങിയ പാദമുദ്രയിൽ നെടുമുടി വേണു സീമ ഉർവശി രോഹിണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോപ്പു കുട്ടപ്പൻ മാതു പണ്ടാരം എന്നി കഥാപാത്രങ്ങളെയാണ് മോഹൻലാൽ സിനിമയിലവതരിപ്പിച്ചത്. രണ്ടും ഒന്നിനൊന്ന് മെച്ചവും തികച്ചും വ്യത്യസ്തവുമായിരുന്നു.