Pranav Mohanlal

ആദി കണ്ടപ്പോൾ പ്രണവിന്റെ കണ്ണുകൾ വിനീതിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു; ഹൃദയത്തിന്റെ കഥയെ കുറിച്ചും നിർമാതാവ് സംസാരിക്കുന്നു..!!

മലയാളത്തിൽ എന്നും വിജയങ്ങൾ മാറ്റങ്ങൾ നൽകിയ സംവിധായകൻ ആണ് വിനീത് ശ്രീനിവാസൻ. നിവിൻ പൊളി എന്ന താരത്തിനെ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് കൊണ്ട് വന്നത് വിനീത് ശ്രീനിവാസൻ ആയിരുന്നു.

മലർവാടി ആർട്സ് ക്ലബും തട്ടത്തിൻ മറയത്തും ജേക്കബിന്റെ സ്വർഗ്ഗ രാജ്യവും ഒക്കെ ചെയ്ത വിനീത് ഒരു നീണ്ട ഇടവേളക്ക് ശേഷം സംവിധായക കുപ്പായം അണിയുകയാണ്. ഇത്തവണ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ ആണ്. മുപ്പതു വർഷത്തിന് ശേഷം മേരിലാൻഡ് സിനിമാസ് സിനിമ നിർമാണത്തിലേക്ക് തിരിച്ചെത്തുന്നു എന്നുള്ള പ്രത്യേകതയും ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഉണ്ട്.

അതോടൊപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകാർ ആയ മോഹൻലാലിന്റേയും ശ്രീനിവാസന്റെയും പ്രിയദർശന്റെയും മക്കൾ ഒന്നിക്കുന്നു എന്നുള്ള പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രത്തിന്റെ കുറിച്ച് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ സാജൻ ബേക്കറിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ, പ്രണവ്, കല്യാണി ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പകുതിയോളം പൂർത്തിയായപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ഇപ്പോൾ തൽക്കാലം ചിത്രം ഹോൾഡ് ചെയ്‌തിരിക്കുകയാണ്.

പ്രണവിനെ വെച്ച് എന്നെങ്കിലും ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ എന്നോട് പറയണമെന്ന് ഞാൻ വിനീതിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആദി അപ്പോൾ റിലീസായിരുന്നില്ല. വിനീതാകട്ടെ ജേക്കബിന്റെ സ്വർഗ്ഗരാജ്യം കഴിഞ്ഞു നിൽക്കുന്ന സമയവും. ആ സമയത്ത് വിനീതിന്റെ കൈയ്യിൽ പ്രണവിന് പറ്റിയ തിരക്കഥ ഒന്നുമുണ്ടായിരുന്നില്ല. കൂടാതെ വിനീത് നിവിൻ കോംബോ തിളങ്ങി നിൽക്കുന്ന സമയവും.

എങ്കിലും പ്രണവിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും എന്നോട് പറയാമെന്നും പറഞ്ഞു. ഞാനും പ്രണവും ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് കളിച്ചു വളർന്ന എനിക്ക് പ്രണവ് മറ്റൊരു തലത്തിലേക്ക് ഉയരുന്നത് കാണുവാൻ ഏറെ സന്തോഷവുമാണ്. ആദി കണ്ടപ്പോൾ പ്രണവിന്റെ കണ്ണുകൾ വിനീതിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു കഥ എഴുതുവാൻ തുടങ്ങി എന്നും എന്നോട് പറഞ്ഞു. അപ്പോഴും എന്നോട് കൂടുതലൊന്നും പറയുന്നില്ല.

കൂട്ടുകാരൊക്കെ ഒന്നിച്ചിരിക്കുമ്പോൾ ഞാൻ ഇടക്കിടക്ക് പ്രണവിന്റെ കാര്യം ഓർമപ്പെടുത്താറുമുണ്ട്. എഴുത്തെല്ലാം കഴിഞ്ഞപ്പോൾ വിനീത് എന്റെ അടുത്ത് വന്ന് പ്രണവിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ്ട് എന്ന് പറഞ്ഞു. എനിക്കും പ്രണവിനും ചെയ്യാമെന്ന് ഉറപ്പ് വന്നാലേ ചെയ്യാൻ പറ്റൂവെന്നും വിനീത് കൂട്ടിച്ചേർത്തു. ഞാൻ ആണെങ്കിൽ ആകെ ആവേശത്തിലായി. കൂട്ടുക്കാർ തമ്മിൽ ഡേറ്റ് കൊടുക്കുക എന്നതാണ് ഏറ്റവും ക്ലേശകരം.

അരവിന്ദന്റെ അതിഥികൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയത്ത് ഞാൻ വിനീതിനെ കാണുവാൻ പോയി. അജു വർഗീസും അവിടെ ഉണ്ടായിരുന്നു. പ്രണവിന്റെ പടത്തിന്റെ കാര്യം ഒന്നുകൂടെ ഓർമിപ്പിക്കുവാൻ നിൽക്കുകയാണ് ഞാനെന്ന് വിനീതിനോട് പറഞ്ഞു. ‘ഹാ എടാ നമുക്ക് ചെയ്യാം..’ എന്ന് വിനീത് പറഞ്ഞത് ഞാൻ കേട്ടില്ല. എനിക്ക് എപ്പോഴെങ്കിലും ചെയ്‌തു തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

അപ്പോൾ ഞെട്ടിപ്പോയ അജുവാണ് എന്നെ തട്ടിയിട്ട് അവൻ ചെയ്യാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പറയുന്നത്.അതിന്റെ തലേ ദിവസം അജുവിന്റെ അടുത്ത് എനിക്ക് മെറിലാൻഡ് ഒന്ന് തിരിച്ചുകൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു. അജുവും ധ്യാനും മെറിലാൻഡ് തിരികെ കൊണ്ടുവരണമെന്ന് എന്നോട് എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. വിനീതിന്റെ പടമാണ് എനിക്കാഗ്രഹമെന്നും അപ്പുവായിരുന്നെങ്കിൽ കൊള്ളാമായിരുന്നെന്നും ഞാൻ പറഞ്ഞു.

ലാൽചേട്ടന്റെ മകനും ശ്രീനിയങ്കിളിന്റെ മകനും വരുമ്പോൾ നായികയായി പ്രിയനങ്കിളിന്റെ മകൾ കൂടി വന്നിരുന്നേൽ കൊള്ളാമായിരുന്നു എന്ന് ഞാൻ വെറുതെ പറഞ്ഞതാണ്. പക്ഷേ വിനീതിന്റെ മനസ്സിലും ഇതേ കോമ്പിനേഷനാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഞാനൊരു ഡ്രീം പ്രൊജക്റ്റായി ചിന്തിച്ചതും വിനീതിന്റെ മനസ്സിൽ ഉള്ളതുമെല്ലാം ഒരേ കാര്യങ്ങളായിരുന്നു. ഈ പ്രോജെക്ടിലാണ് ഞങ്ങൾ ഒന്നിക്കേണ്ടതെന്ന് എവിടെയോ എഴുതി വെച്ചിട്ടുള്ളത് പോലെയാണിത്.

പതിനേഴ് വയസ്സ് മുതൽ മുപ്പത് വയസ്സ് വരെയുള്ള ഒരു യുവാവിന്റെ ജീവിതമാണ് ഹൃദയം പറയുന്നത്. അതിൽ ഓരോരുത്തർക്കും അവരുടെ ജീവിതത്തിലേക്ക് ചേർത്ത് നിർത്താവുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്.