പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദർശന എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹൃദയത്തിൽ 15 പാട്ടുകളാണ് ഉള്ളത്.
പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്ത വർഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാൽ പ്രിയദർശൻ ലിസി ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ഹൃദയം.
മലയാളത്തിലെ മുൻനിര ബാനറായിരുന്ന മെറിലാന്റ് സിനിമാസ് നിർമാണ രംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബാണ് സിനിമയുടെ സംഗീത സംവിധായകൻ.
പാട്ടുകൾ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിംഗിലേക്ക് കടന്നതെന്ന് വിനീത് ശ്രീനിവാസൻ നേരത്തെ പറഞ്ഞിരുന്നു. പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. ഹൃദയം തിയറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യകതമാക്കിയിരുന്നു.
തങ്ങൾ കാണാൻ കൊതിച്ച ലുക്കിൽ ആണ് പ്രണവ് ഹൃദയത്തിൽ എത്തിയിരിക്കുന്നത്. പണി അറിയുന്നവന്റെ കയ്യിൽ ഇപ്പോൾ ആണ് ചെക്കനെ കിട്ടിയത് എന്നായിരുന്നു ചില യൂട്യൂബ് കമെന്റുകൾ. എന്തായാലും 12 മണിക്കൂർ കഴിയുമ്പോൾ ആദ്യ സോങ് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ്.